Saturday, April 10, 2010

മധുരം പ്രണയം

ഹൃദയം ഹൃദയത്തിലലിയും നേരം 
പകരും മധുരം പ്രണയം 
പകരം മറുവാക്കിലോതാന്‍ 
അരുതാത്ത മധുരം പ്രണയം 


  അരുതാത്തതെല്ലാം ശരിയെന്നു നുണയാന്‍ 
  കൊതി പൂണ്ട മധുരം പ്രണയം
  കൊതി തീര്‍ന്നെന്നോതാന്‍ കഴിയാത്ത കനവിന്‍ 
  കനിവൂറും മധുരം പ്രണയം.


കനിവിന്‍റെ ചില്ലയില്‍ ചേക്കേറും കരളിന്‍ 
നിറവാര്‍ന്ന മധുരം പ്രണയം 
നിറവാര്‍ന്ന സ്വപ്നത്തിന്‍ മഴവില്ലു തീര്‍ക്കും 
ചിറകാര്‍ന്ന മധുരം പ്രണയം.


  ചിറകാര്‍ന്നുയരാന്‍ ചിറകിലൊതുങ്ങാന്‍ 
  ത്വരയാര്‍ന്ന മധുരം പ്രണയം
  ത്വര പിന്നെ ജ്ജ്വരമായിപ്പടരും മനസ്സിന്‍
  അഴകാര്‍ന്ന മധുരം പ്രണയം.


അഴകാര്‍ന്നതൊക്കെയും മഴയായിത്തൂവും 
മണമാർന്ന മധുരം പ്രണയം.
മണമാർന്ന മണ്ണിൻ സിര കാത്തുവയ്ക്കും
നരസാന്ത്വമധുരം പ്രണയം.


  പ്രണയമാധുര്യത്തിൻ നീലനികുഞ്ജത്തിൽ 
  നനവാർന്ന ചിറകാർന്നിരിപ്പു നമ്മൾ
  നറുതൂവൽ വിരലാൽനീ തൊട്ടെന്‍റെയുള്ളിൽ
  ചുടുവേഗധാരയായ്പ്പടർന്നിടുന്നു
  ഒരു പ്രേമകാവ്യത്തിൻ കനലുകളായാളി-
  പ്പടരുന്നു നെഞ്ചിൻ ധമനികളിൽ...

Thursday, January 07, 2010

സന്ധ്യ

വെയില്‍ ചായുമ്പോള്‍
നിഴല്‍ പാവുമ്പോള്‍
വരവായിടും സന്ധ്യ
ചുരുള്‍‌മുടി കോതി


ഇരുളാണു പോവെയെ-
ന്നരുളും പരിഭവം
തിരളും കുസൃതിയാ-
ലിളകും കരിമഷിക്കണ്ണു മെല്ലെ 


ഒരു തിരസ്പര്‍ശം 
കുതറിമായും മുന്‍പ് 
കവിളില്‍ പലഭാവം 
ചിതറിത്തുടങ്ങുന്നു


കളി മാഞ്ഞിടുന്നു
ഒളി കാഞ്ഞിടുന്നു
ഒളിവില്‍ പലകുറി
ഒളിനോട്ടമെയ്തു രസിച്ചിടുന്നു


തിരനീങ്ങെത്താനുമെന്നകന്നിടുന്നു
തിരപറ്റി വേഷം പകര്‍ന്നിടുന്നു
തിരയില്‍ തെളിനീരില്‍ തിരനോട്ടമായ്
ചിരി ദൂരെ ദിങ്മുഖത്തുലയുകയായ്


വെയിലില്‍ കുളിര്‍ തളിച്ചുടുക്കുന്നു നീ
അഴകിന്‍ മയില്‍പ്പീലി നീര്‍ത്തിടുന്നു
അലകളില്‍ പൊന്‍പൊടി തൂവിടുന്നു
അനുരാഗമുള്ളില്‍ നിറച്ചിടുന്നു


തിരതഴുകും തണുപ്പു മറന്നു ഞാനീ
വിരിമണല്‍ ശയ്യയില്‍ മയങ്ങിടട്ടെ
ചെറു ചൂടു പകരും വിരല്‍‌മുനക്കോറലാ‍ല്‍
കരളിലൊരു തിരിയുഴിഞ്ഞുള്ളുണര്‍ത്തൂ


കവിതയുടെ മഴവില്ലഴകില്‍ വിടര്‍ത്തുന്ന
കമനീയഭാവനാ പ്രേമയാനത്തില്‍
കരളില്‍ കരള്‍ചേര്‍ത്തു വിരലില്‍ വിരല്‍ കോര്‍ത്തു
മരണം തൊടാത്തമര ലോകമേറാം


തുടുപ്പാറാത്ത നിന്‍ കവിള്‍ച്ചൂടു പറ്റി
മടുപ്പേശിടാത്തനുരാഗസുഷുപ്തിയില്‍
തുടിപ്പൊടുങ്ങും ഞൊടി പോലുമറിയാതെ
മിടിപ്പടങ്ങാത്തുടിതാളമാകാം


എന്നും മനുഷ്യന്റെ ശോണസ്വപ്നങ്ങളെ
പൊന്‍‌തൂവലാല്‍‌ത്തൊട്ടുണര്‍ത്തുന്ന ഹംസമേ
നീ മാഞ്ഞുലാവിടും ശ്യാമനിശ്വാസത്തിന്‍
കുമിളകളല്ലോ വിളറുന്ന താരകള്‍!