Thursday, January 07, 2010

സന്ധ്യ

വെയില്‍ ചായുമ്പോള്‍
നിഴല്‍ പാവുമ്പോള്‍
വരവായിടും സന്ധ്യ
ചുരുള്‍‌മുടി കോതി


ഇരുളാണു പോവെയെ-
ന്നരുളും പരിഭവം
തിരളും കുസൃതിയാ-
ലിളകും കരിമഷിക്കണ്ണു മെല്ലെ 


ഒരു തിരസ്പര്‍ശം 
കുതറിമായും മുന്‍പ് 
കവിളില്‍ പലഭാവം 
ചിതറിത്തുടങ്ങുന്നു


കളി മാഞ്ഞിടുന്നു
ഒളി കാഞ്ഞിടുന്നു
ഒളിവില്‍ പലകുറി
ഒളിനോട്ടമെയ്തു രസിച്ചിടുന്നു


തിരനീങ്ങെത്താനുമെന്നകന്നിടുന്നു
തിരപറ്റി വേഷം പകര്‍ന്നിടുന്നു
തിരയില്‍ തെളിനീരില്‍ തിരനോട്ടമായ്
ചിരി ദൂരെ ദിങ്മുഖത്തുലയുകയായ്


വെയിലില്‍ കുളിര്‍ തളിച്ചുടുക്കുന്നു നീ
അഴകിന്‍ മയില്‍പ്പീലി നീര്‍ത്തിടുന്നു
അലകളില്‍ പൊന്‍പൊടി തൂവിടുന്നു
അനുരാഗമുള്ളില്‍ നിറച്ചിടുന്നു


തിരതഴുകും തണുപ്പു മറന്നു ഞാനീ
വിരിമണല്‍ ശയ്യയില്‍ മയങ്ങിടട്ടെ
ചെറു ചൂടു പകരും വിരല്‍‌മുനക്കോറലാ‍ല്‍
കരളിലൊരു തിരിയുഴിഞ്ഞുള്ളുണര്‍ത്തൂ


കവിതയുടെ മഴവില്ലഴകില്‍ വിടര്‍ത്തുന്ന
കമനീയഭാവനാ പ്രേമയാനത്തില്‍
കരളില്‍ കരള്‍ചേര്‍ത്തു വിരലില്‍ വിരല്‍ കോര്‍ത്തു
മരണം തൊടാത്തമര ലോകമേറാം


തുടുപ്പാറാത്ത നിന്‍ കവിള്‍ച്ചൂടു പറ്റി
മടുപ്പേശിടാത്തനുരാഗസുഷുപ്തിയില്‍
തുടിപ്പൊടുങ്ങും ഞൊടി പോലുമറിയാതെ
മിടിപ്പടങ്ങാത്തുടിതാളമാകാം


എന്നും മനുഷ്യന്റെ ശോണസ്വപ്നങ്ങളെ
പൊന്‍‌തൂവലാല്‍‌ത്തൊട്ടുണര്‍ത്തുന്ന ഹംസമേ
നീ മാഞ്ഞുലാവിടും ശ്യാമനിശ്വാസത്തിന്‍
കുമിളകളല്ലോ വിളറുന്ന താരകള്‍!