Wednesday, October 31, 2012

പ്രവാസി വേവലാതികൾ


പ്രവാസി വേവലാതികൾ
(A translation of “The Worries of an Expatriate” by Dhahi Khalfan bin Tamim)

എന്തു വിശേഷം
എന്നു ചോദിക്കരുത്
മുഖം വായിക്കുക

വിഷണ്ണത
കോപക്കലിയാക്കി
ഒട്ടകം പോലലറുന്നുവെങ്കിൽ
ആളെ വെറുതെ വിടുക
അകലം പാലിക്കുക

ആൾ
ദുസ്സഹവ്യഥയിലൂടെ
കടന്നു പോവുകയാവാം
പരുക്കൻ മേലധികാരി
കുത്തുവാക്കിൽ
കോർത്തുവലിച്ചുകാണും
നിന്ദയുടെ
തൊട്ടിക്കണക്കിനു വർഷത്തിൽ
മനസ്സുലഞ്ഞു മടങ്ങുകയാവാം

കൈകൾ നീട്ടി
കാത്തുനിൽക്കാൻ
പ്രണയിനിയില്ല
കൊള്ളിവാക്കിൻറെ വരവേൽപ്പോതി
തീരാശല്യമായ ഭാര്യ

ഉച്ചയൂണിൽ കൈ തൊട്ടേയുള്ളൂ
ഉച്ചത്തിൽ കേട്ടത്
വീട്ടുടമസ്ഥൻറെ ഇടിത്തീ
മാസവാടക? വൈകിയിപ്പോൾ തന്നെ!”
അവധിക്കുള്ള കരച്ചിലും
മെരുക്കാനുള്ള തന്ത്രവും പാഴിലായ്
അലറീ ചാട്ടവാർ വീണ്ടും:
അടിച്ചു പുറത്താക്കി വാതിൽ പൂട്ടും


കുഴഞ്ഞു കസേരയിൽ ചായവേ
ചാവുന്നു കറൻറു പൊടുന്നനെ
തിരിച്ചെത്തും വെട്ടമെന്നുൾവിളി
സൂര്യതിരി താഴും വരെ നീണ്ടുപോയ്
തിരിച്ചും മറിച്ചും വയറിൽ കളിച്ചിട്ടും
ഇരുൾത്തിരി മാത്രം ബാക്കി

പുലരൊളി വന്നു കറൻറു ബില്ലുമായ്
മിഴികലക്കങ്ങൽ കനൽ നിറയ്ക്കുന്നു
കനലിലെണ്ണയായ് മകൻറെ റ്റ്യൂഷൻസാർ
കനത്ത കുടിശ്ശികയിപ്പൊഴേ തീർക്കണം
നിലച്ചു പെട്ടെന്ന് ടെലഫോൺ ചെത്തം
കുളിർ കൊതിച്ചെത്തവേ ഷവറും വറ്റി
എത്ര വരണ്ടതീ ദിനം!

എങ്കിലൊന്നിറങ്ങാം പുറത്തെന്നോർത്തു
മധുവിധുക്കാറിനരികെലത്തവേ
മധു തീർന്ന കാറു നിർജീവം
പൊളിഞ്ഞു ടയറും പണിമുടക്കി
അയൽക്കാരൻ കനിഞ്ഞു ടയറെങ്കിലും
അനങ്ങിയില്ലൊരടിയും കാർ
ശപിച്ചു തൻ ദൗർഭാഗ്യത്തെ
തപിച്ചയാൾ നടന്നു നീങ്ങുന്നു
ആരു ശ്രദ്ധിക്കാനാ പാവത്തെ!

ഒടുവിലാ മുഖമുയരുന്നു
തിരുകാരുണികനാമേകശക്തിക്കു നേരെ:
നീയൊഴിഞ്ഞാരുണ്ടാശ്രയം പ്രഭോ!”

ഹൃദയമറിവൂ വികാസം
നിരാശ തട്ടിമാറ്റുമാഹ്ലാദം
ദൃഢമപ്പൊഴും ശേഷിക്കുമാരോഗ്യം
അനന്യകരുണാമയൻറെയനുഗ്രഹം
അവനിലർപ്പിപ്പൂ സ്വയം
വിധിയേറ്റിടുന്നു സഹർഷം!
ഒഴിഞ്ഞുപോകുന്നു വേവലാതികൾ!!

എത്ര ദയനീയമാ ദുസ്ഥിതി
ആത്മബലത്തിൽ ശനിതുല്യനെങ്കിലും !