Sunday, November 29, 2009

ഓണച്ചിന്ത്

ഓര്‍മ്മയിലെ നേര്‍മ്മകള്‍
ഓമനച്ചിന്തുകള്‍
ഒരു നിലാച്ചീന്തായ്
ഒളി ചിന്നിടുന്നു


ഒരു മഹാകാലം
മറവിയിലുയിരായ്
മധുര നൂല്‍‌വള്ളിയായ്
മനസ്സില്‍ പടരുന്നു


തളിരതിലായുന്നു
തണലും തളിര്‍ക്കുന്നു
തനിയേ ചായുവാ‍ന്‍
തടി തെഴുക്കുന്നു


വേടുകളിറങ്ങുന്നു
ഊടുവഴികളായ് വേരുകള്‍
തോടുകള്‍, പാടങ്ങള്‍, നീര്‍ത്തടങ്ങള്‍
തേടുന്നു നാടിന്റെ നേര്‍ത്തടങ്ങള്‍


നേരുകള്‍ വാഴുന്ന നാട്
നെറിവിന്‍ പെരും ചേരനാട്
നീറുമൊരു നെഞ്ചിനു നെറികേടെരിക്കുവാന്‍
പൊരുമൊരു ചിലമ്പെന്നു പുകഴുന്ന നാട്


ഒരു പാണത്തുടിയുടെ
ഈണത്തിലലിയാന്‍
പെരും കോട്ടകള്‍ പോലും
പാറാവു നില്‍‌ക്കുന്ന നാട്


വയലിന്റെ പേറ്റൂനോ-
വുലയ്ക്കുന്ന കര്‍ക്കടകം
ചിങ്ങക്കിടാവിനു നീരാടാന്‍
നീര്‍ കോരിവയ്ക്കുന്ന നാട്


ചിങ്ങം ചിരിക്കെ
തിളങ്ങുന്നൊരുള്ളിന്‍
ഭംഗികള്‍ പൂക്കളായ്
അങ്കണം ചൂടുന്ന നാട്


അംഗലാവണ്യം
ചെങ്ങഴീര്‍പ്പൂ‍ക്കളായ്
തിങ്കള്‍ക്കല ചൂടി
കുങ്കുമം വിതറുന്ന നാട്


സംഗീതമായ് സഹ
ശബ്ദങ്ങള്‍ തഴുകും
സുന്ദരോദാര
മധുമധുര മാവേലിനാട്


സ്മൃതി സ്വര്‍ണ്ണമാകുന്നു
ശ്രുതി ഗന്ധര്‍വ്വ ധ്യാനം
മതി മാകന്ദലോലം
മധുരം നിമിഷങ്ങള്‍ പോലും


ഇതു ലഹരി! മദോന്മത്തം
വസുധയുടെ വാസന്തശിഖരം
അതിലൊരു തുമ്പക്കുരുന്നായ്
അലിയട്ടെയെന്‍ നാട്ടുഗന്ധമായ്

Friday, November 13, 2009

കുഴിയാന

കുഴിമടിയന്‍ കുഴിയാന
വഴിതെറ്റിപ്പിന്നോട്ട്
കുഴികേറാന്‍ പഴുതില്ലാതെ
വഴുതിയവന്‍ വീഴുന്നു

കോഴി 
കോഴിക്കെന്തൊരു തലപൊക്കം
ഊഴിപ്പുര മുകളേറുന്നു
ആഴികണക്കതു കൂവുന്നു
ആളുകളെല്ലാമുണരുന്നു

Monday, November 09, 2009

കണ്ണന്‍

കണ്ണടച്ചാലും 
കണ്ണുതുറന്നാലും 
കണ്ണില്‍ കളിക്കുന്നു കണ്ണന്‍ 
കള്ളക്കളിക്കൂട്ടുകാരന്‍


വെണ്ണക്കുടം താങ്ങുമുറിയില്‍ തൂങ്ങി 
കണ്ണന്‍ ചിരിച്ചു കളിക്കുന്നു 


ഉണ്ണിവികൃതികള്‍ തോഴരെല്ലാം 
വെണ്ണക്കായ്‌ ചുറ്റും കലമ്പിടുന്നു
പാലവന്നിഷ്ടം 
പാലാഴിയിഷ്ടം 
ബാലകരിഷ്ടം 
ലീലയ്ക്കു ഗോക്കളുമേറെയിഷ്ടം


തല്ലിയാല്‍ ചിരിക്കുന്ന 
തള്ളിയാല്‍ നിവരുന്ന 
ഉള്ളങ്ങള്‍ കവരുന്ന 
കള്ളതിരുമാലിയെന്റെ കണ്ണന്‍ 


അമ്മൂമ്മക്കെപ്പോഴും ചൊല്ലാന്‍ 
കണ്ണന്റെ കഥയോടെന്തിഷ്ടം 
മണ്ണുതിന്നുന്നവന്‍ വെണ്ണ തിന്നുന്നവന്‍ 
മണ്ണിന്നൊരുവെണ്ണയുരുളയിക്കണ്ണന്‍

Thursday, November 05, 2009

മഴ

മഴ പെയ്യുന്നു 
പുഴ പെയ്യുന്നു 
പെരുവഴി മഴയുടെ 
പുഴയാകുന്നു 


പൈതല്‍പ്പൂവ് 
മിണ്ടുന്ന പൂവ്‌ 
മണ്ടുന്ന പൂവ് 
കണ്ടാല്‍ കൊതിതോന്നും 
പൈതല്‍പ്പൂവ് 

Wednesday, November 04, 2009

കള്ളക്കാക്ക

കാ ചെരിഞ്ഞു നോക്കുന്നു
അക്കം പക്കം നോക്കുന്നു 
തക്കം തരവഴി നോക്കുന്നു 
കക്കാനൊരു വഴി നോക്കുന്നു 

പൂവാലന്‍


ഒരു പൂങ്കോഴി
പൂവാലന്‍ കോഴി
ചോപ്പന്‍ തലപ്പാവ്
ചേലില്‍ മിനുക്കിയ
ഗിരിരാജ ഗജഭാവ
ഗമയാര്‍ന്ന കോഴി


ചിക്കിച്ചിനക്കി
ചലിക്കുന്ന പിടയുടെ
ചിറകില്‍ തലോടി
വാലില്‍ തലോടി
വാലാട്ടി നീങ്ങുന്നു
പൂവാലന്‍!