Wednesday, August 10, 2016

ഉപനിഷത്ത്
‘ഉപ , നി, സദ് ‘ എന്നീ മൂന്നു ധാതുക്കൾ ചേർന്നാണ് ‘ഉപനിഷദ്‘ എന്ന പദമുണ്ടായിരിക്കുന്നത്. ‘ഉപ ’ എന്ന ധാതുവിന് ‘അടുത്ത’ എന്നും ‘നി’ ധാതുവിന് ‘നിശ്ശേഷേണയുള്ള’ എന്നും ‘സദ് ’ധാതുവിന് ‘നാശം , ക്ഷയം, ഗമനം‘ എന്നൊക്കെയുമാണ് അർത്ഥം പറഞ്ഞിരിക്കുന്നത്.
“ഏതൊരു വിദ്യയെ ഏറ്റവുമരികിലായി നിശ്ശേഷം ശീലിച്ചാലാണോ കർമ്മബന്ധങ്ങൾ അറ്റുപോകുന്നത് , അജ്ഞാനം നശിയ്ക്കുന്നത് ,മോക്ഷഗതിയെ പ്രാപിക്കുന്നത്, ആ വിദ്യയാണ് ഉപനിഷത്ത്“ പരമമായ വിദ്യ എന്നർത്ഥത്തിൽ പരാവിദ്യ എന്നും ഉപനിഷത്തിനെ വിളിച്ചുപോരുന്നു. ഇങ്ങനെയുള്ള പരമമായ വിദ്യ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളെ ഉപനിഷത്തുക്കൾ എന്ന് ബഹുവചനം കൊണ്ട് സൂചിപ്പിക്കുന്നു.
ചില ഉപനിഷത്തുക്കൾ ഗുരു ശിഷ്യ സംവാദ രൂപത്തിലാണ് രചിച്ചിരിക്കുന്നതെന്നതിനാൽ “ഗുരുവിന്റെ അരികിലിരുന്ന്(ഉപ) ബ്രഹ്മ വിദ്യ അറിയുന്നതിനെ ഉപനിഷദ് എന്നു പറയുന്നു “.
പക്ഷേ എല്ലാ ഉപനിഷത്തുകളും ഗുരുശിഷ്യസംവാദരൂപത്തിലല്ല രചിച്ചിരിക്കുന്നത്. ബൃഹദാരണ്യകാദി ഉപനിഷത്തുക്കൾ ഗുരുശിഷ്യസംവാദങ്ങളല്ല
നൂറ്റിയെട്ട് ഉപനിഷത്തുക്കൾ ഉണ്ട്. അതിൽ പത്തെണ്ണം(ഐതരേയം,ബൃഹദാരണ്യകം,ഈശം, തൈത്തിരീയം,
കേനം,മുണ്ഡകം,മാണ്ഡൂക്യം,പ്രശ്നം,കഠം,ഛാന്ദോഗ്യം) മുഖ്യ ഉപനിഷത്തുക്കൾ എന്നാണ്‌ അറിയപ്പെടുന്നത്. ശ്രീ ശങ്കരാചാര്യർ വ്യാഖ്യാനം നൽകിയതിനാലാണ്‌ അവ പ്രസിദ്ധമായത്. വ്യാസൻ എഴുതിയ ബ്രഹ്മ സൂത്രത്തിൽ ഈ പത്ത് ഉപനിഷത്തുക്കളാണ് പ്രധാനമായും ചർച്ച ചെയ്തിരിക്കുന്നത് എന്നതുകൊണ്ടാണ് ശങ്കരാചാര്യർ ഈ പത്ത് ഉപനിഷത്തുക്കൾക്ക് മാത്രം ഭാഷ്യം എഴുതിയത്. എന്നാൽ മറ്റു ഉപനിഷത്തുക്കളും പ്രാധാന്യമർഹിക്കുന്നവ തന്നെ.
ഹിന്ദുമതത്തിന്റെ തത്ത്വജ്ഞാനപരമായ ആശയങ്ങൾ മറ്റു വേദഗ്രന്ഥങ്ങളേക്കാൾ പ്രതിഫലിപ്പിക്കുന്നത് ഉപനിഷത്തുക്കളാണ്‌.ഉപനിഷദ്, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നീ മൂന്നിനേയും ചേർത്ത് പ്രസ്ഥാനത്രയം എന്നും പറയുന്നു.ഉപനിഷത്തുകളിലെ മിക്കവാറും ചിന്തകളും പിൽക്കാലത്ത് പ്രശസ്തചിന്തകനായ ശങ്കരാചാര്യർ വികസിപ്പിച്ചെടുത്തവയാണ്‌.
108 ഉപനിഷത്തുകളിൽ 10 എണ്ണം മുഖ്യ ഉപനിഷത്തുകളാണ്. 21 എണ്ണം സാമാന്യ വേദാന്തമെന്നും 23 എണ്ണം സന്ന്യാസം എന്നും ഒൻപത് എണ്ണം ശാക്തേയം എന്നും 13 എണ്ണം വൈഷ്ണവം എന്നും 14 ശൈവമെന്നും 17 എണ്ണം യോഗമെന്നും അറിയപ്പെടുന്നു.
മിക്ക ഉപനിഷദ് ചിന്തകരും പുരുഷന്മാരായിരുന്നു. പ്രത്യേകിച്ച് ബ്രാഹ്മണരും രാജാക്കന്മാരും. യാദൃച്ഛികമായി ചില വനിതകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള ഒരാളായിരുന്നു ഗാർഗി. തന്റെ പാണ്ഡിത്യത്തിനു പേരുകേട്ട അവർ രാജസഭകളിൽ നടന്നിരുന്ന വാഗ്വാദങ്ങളിൽ പങ്കെടുത്തിരുന്നു. സാധാരണജനങ്ങൾ ഇത്തരം വാഗ്വാദങ്ങളിൽ വളരെ വിരളമായേ പങ്കെടുത്തിരുന്നുള്ളൂ. അതിനൊരപവാദമാണ്‌ സത്യകാമ ജബാല. ഒരു അടിമസ്ത്രീയായിരുന്ന ജബാലയുടെ പുത്രനായിരുന്നു സത്യകാമ. പ്രപഞ്ചസത്യത്തെക്കുറിച്ച് പഠിക്കുന്നതിന്‌ അതിയായ ജിജ്ഞാസ പ്രകടിപ്പിച്ചിരുന്ന സത്യകാമനെ ഗൗതമൻ എന്ന ഒരു ബ്രാഹ്മണൻ ശിഷ്യനായി സ്വീകരിച്ചു. തുടർന്ന് സത്യകാമൻ അക്കാലത്തെ വിശ്രുതനായ ചിന്തകനായി മാറി
1657-ൽ മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ പുത്രനായ ദാരാ ഷിക്കോഹ് 50 ഉപനിഷത്തുകളെ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തു. സിർ-ഉൽ-അസ് റാർ (മഹാരഹസ്യം) എന്ന തലക്കെട്ടിലുള്ള ഈ തർജ്ജമയോടെയാണ്‌ ഉപനിഷത്തുകളെക്കുറിച്ചുള്ള അറിവ് ഭാരതത്തിനു പുറത്തേയ്ക്കെത്തിയത്. നൂറ്റമ്പതോളം വർഷങ്ങൾക്കു ശേഷം ആങ്ക്വറ്റിൽ ദു പെറോൻ എന്ന ഫ്രഞ്ചുപാതിരി പേർഷ്യനിൽ നിന്ന് ഇതിനെ ലത്തിനീലേക്ക് പരിഭാഷപ്പെടുത്തി. ഔപ്നഖാത് എന്നാണ്‌ ഈ ലത്തീൻ തർജ്ജമക്ക് നൽകിയ പേര്‌. പിന്നീട് അത് യുറോപ്പിലെ മറ്റു ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ടു.
പ്രപഞ്ചത്തിൽ ശാശ്വതമായ ചില വസ്തുതകൾ ഉണ്ടെന്നും അവ വ്യക്തികളുടെ മരണത്തിനു ശേഷവും നിലനിൽക്കുന്നുവെന്നും ചില ചിന്തകർ വിശ്വസിച്ചു. ഓരോ വ്യക്തിയിലും അടങ്ങിയിരിക്കുന്ന ഈ വസ്തുതയുടെ ഭാഗത്തെ ആത്മാവ് എന്നും പ്രപഞ്ചത്തിൽ മൊത്തമായുള്ള ശാശ്വതമായ വസ്തുതയെ ബ്രഹ്മം എന്നും വിളിച്ചു. ആത്യന്തികമായി ആത്മാവും ബ്രഹ്മവും ഒന്നാണെന്നും ഈ ചിന്തകർ വിശ്വസിച്ചു. ഇത്തരം ചിന്തകളാണ്‌ ഉപനിഷത്തുകളിൽ ഉൾക്കൊള്ളുന്നത്.
ഉപനിഷദ് മഹാവാക്യങ്ങൾ:
1. ‘തത്വമസി ‘ (ചാന്ദോഗ്യോപനിഷദ് 6.8.7)- അത് നീയാകുന്നു. തത് പരബ്രഹ്മമാണ് . ത്വം എന്നത് ജീവാത്മാവും. അതായത് പരബ്രഹ്മം എന്നത് ഒരോരുത്തനിലും കുടികൊള്ളുന്നു. അല്ലെങ്കിൽ നിന്നിലുള്ളത് എന്താണോ അത് തന്നെയാണ് പരബ്രഹ്മത്തിലുമുള്ളത്.
2.“പ്രജ്ഞാനാം ബ്രഹ്മ“ അർത്ഥം- ബോധമാണ്(പ്രജ്ഞയാണ്) ബ്രഹ്മം (ഐതരേയോപനിഷദ് 3.3)
3. “അയമാത്മ ബ്രഹ്മ” അർത്ഥം- ഈ ആത്മാവാണ് ബ്രഹ്മം (മാണ്ഡൂക്യോപനിഷദ് 1.2)
4. “അഹം ബ്രഹ്മാസ്മി” അർത്ഥം- ഞാൻ ബ്രഹ്മമാകുന്നു (ബൃഹദാരണ്യകോപനിഷദ്1.4.10)
ഉപനിഷത്തുക്കളിൽ ലോകത്തെ മുഴുവൻ കീഴ്പ്പെടുത്താനാവശ്യമുള്ളത്ര കരുത്ത് ഉണ്ടെന്നാണ് സ്വാമി വിവേകാനന്ദൻ പറയുന്നത്. അവയിലൂടെ ലോകത്തെ മുഴുവൻ ഉജ്ജീവിപ്പിക്കാം, പ്രബലമാക്കാം, ഉത്തേജിപ്പിക്കാം. എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കഠോപനിഷത്തിലെ
"ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യ വരാൻ നിബോധത"എന്ന വാക്യം വിവേകാനന്ദനു
പ്രിയങ്കരമായിരുന്നു
ഉപനിഷത്തുക്കൾ ഭാരതമനസ്സിന്റെ ഉന്നതിയെയാണ്‌ പ്രതിഫലിപ്പിക്കുന്നത് എന്നാണ്‌ മഹർഷി അരോബിന്ദോ അഭിപ്രായപ്പെട്ടത്.മാക്സ് മുള്ളറാണു ഉപനിഷത്തുകളെക്കുറിച്ച് പഠിച്ചവരിൽ ഏറ്റവും പ്രമുഖനായ വിദേശീയൻ