Wednesday, November 14, 2012

കണ്ണേ മടങ്ങുമോ?



നാന്ദി
നൂറായി വർഷം!
നൂറു തേയ്ക്കുന്നെന്റെ ഹർഷത്തിൽ
തീറായെന്റെ മൊഴിയിൽ
തീരാനോവിന്റെ മാരിവിൽ ശില്പം.

പ്രവേശകം
എന്നും കാടിനെ ചോപ്പിക്കും പൂക്കൾ
എങ്ങും കണ്ടൊരു കവി വളർന്നു
ഒന്നും മിണ്ടാതെ ഭൂമിയെ ചന്തത്തിൽ
വിണ്ണാക്കി മാറ്റുന്നീ പൂക്കളെല്ലാം.

തന്റെയുള്ളിൽത്തുടുകുങ്കുമം തൂവി
ചിന്തയിൽ വാസന്തഹർഷം വിടർത്തി
സുന്ദരതാരുണ്യധാമങ്ങൾ ചിന്തും
സൌന്ദര്യപൂരത്തിൽ മുങ്ങി കവി

അവയിൽ രമിക്കും മനസ്സൊരു വണ്ട്
കവിയുടെ തീരാത്ത മോഹത്തിൻ ചെണ്ട്
ചിത്രശലഭമായ് വിഭ്രമഭ്രമരമായ്
ചിത്തം രമിക്കുന്ന ഭാവനത്തുണ്ട്.

പൂക്കുന്നു പൂക്കളാ നെഞ്ചിനുള്ളിൽ
പൂത്തുലയും മുമ്പു വാടിടുന്നു
സ്നേഹിച്ചു തീരാത്ത
നോവിന്റെയോർമ്മയായ്
സ്നേഹമായൊരു പൂവുലഞ്ഞിടുന്നു

ണ്ണേ മടങ്ങാതെ നിൽക്കുകല്പം
ഉണ്ണിയായ് വിരിഞ്ഞൊരീ പൂവു കണ്ടോ?
ഉണ്ണിയായ് വിരിഞ്ഞൊരീ നോവു കണ്ടോ?

ഒന്ന്
ഒരു പൂ, ചന്തത്തിൽ
കതിരുപോലൊരു പൂ
വിസ്മയ മുകുളത്തിൻ
സുസ്മിതം പോലൊരു പൂ

വിണ്ണുവിട്ടിങ്ങെത്തി
മണ്ണിന്റെ കണ്ണായി
കൌതുകക്കണ്ണിന്റെ
കൌസ്തുഭച്ചെപ്പായി

ലാളിച്ചു തീരാത്തൊരമ്മ
പാലിച്ചു കൈകളിൽ - തളിർക്കുമ്പിളിൽ
അമ്മയ്ക്കു കൂട്ടായ് കൊച്ചുകാറ്റ്
ഉണ്ണിക്കു തൊട്ടിലായ്, താരാട്ടായി

പൂനിലാവെത്തി പാൽ‌പ്പുഴയായ്
രാവൊരു നീരാട്ടുകടവായി
കുസൃതിക്കുരുന്നുകൾ പൂക്കൊടിമാർ
കുളിച്ചൊരുങ്ങാനെത്തി രാക്കടവിൽ

ഉണ്ണിപ്പൂവിന്റെ മെയ്യിലെല്ലാം
കന്നിനിലാവിന്റെ കുളിരുചൂടി
ണ്ണെഴുതി പൊട്ടുതൊട്ടു
കണ്ണുപെടാക്കുറി കവിളിലിട്ടു

രാവെത്ര വേഗം മറഞ്ഞു
പൂവെയിൽ തോണ്ടി വിളിച്ചു
ഭൂപാളരാഗം പാടിയെത്തി
പൂവിന്നു പാട്ടുമായ് പൂങ്കിളികൾ

കാറ്റിൻ താളത്തിൽ താളമിട്ടു
കൂട്ടുകാരോടൊത്തു കേളിയാടി
പൂങ്കവിൾ വേർപ്പിൽ കുതിർന്നുലഞ്ഞു
പൂമനം ശൈശവം ചേർന്നലഞ്ഞു

ണ്ണേ മടങ്ങാതെ നിൽക്കുകല്പം
ഉണ്ണിപ്പൂ മെല്ലെ വളർന്നുപോയോ?
ഉണ്ണിപ്പൂ ചെല്ലം പൂത്തുപോയോ?

രണ്ട്
എന്തൊരു മാറ്റം എന്തൊരു ഭാവം
സുന്ദരിയായ് നീ വളർന്നുപോയോ?
താരുണ്യത്തിൻ തങ്കക്കിനാക്കൾ
വാരി നിറച്ചുവോ നിൻ മിഴിയിൽ?

താളം തെളിഞ്ഞു കവിൾത്തടത്തിൽ
ആരോമലായ് നിൻ അഴകു പൂത്തു
സൌരഭം നിൻ ചുറ്റും നൃത്തമാടി
സൌഗന്ധികങ്ങളായ് മിഴികൾ മാറി

മെല്ലെ നിൻ ചിരി വശ്യമാ‍യി
തെല്ലല്ല ലോകം പരവശരായ്
വൈരാഗിയായൊരു സന്യാസിയും ജീവ-
ഭീരുവും നിൻ മുന്നിൽ മിഴിച്ചുനിന്നു.

ണ്ണേ മടങ്ങാതെ നിൽക്കുകല്പം
മണ്ണിന്റെ കണ്ണായ പൂവു കണ്ടോ?
മണ്ണിന്റെ വിണ്ണായ പൂവു കണ്ടോ

മൂന്ന്
ചന്തം തുടിക്കുന്ന പൂവിന്റെ വൃത്താന്തം
മന്ദം കാറ്റു പരത്തിയെങ്ങും
എത്ര പേർ നിന്നെ കൊതിച്ചലഞ്ഞു
ചിത്രശലഭങ്ങൾ, പൂവണ്ടുകൾ

നിൻ ചിരി മെല്ലെ വിടരുന്ന കാണാൻ
നിന്നധരത്തുടുതേൻ നുകരാൻ
ഒന്നു നിൻ പൂമേനി ചേർന്നിരിക്കാൻ
വന്നു തിരഞ്ഞു കാമുകന്മാർ

ഭംഗിയേക്കാളും ഹൃദയശുദ്ധി
ഭൃംഗത്തെ നിൻ പ്രിയതോഴനാക്കി
എന്നംഗമേകന്നു തീറു കൊടുത്തെന്ന്
അന്യരെയൊക്കെ നീ പിൻമടക്കി

പ്രിയതമൻ വണ്ടിന്റെയൊപ്പമല്ലോ
പൂന്തേൻ നുകർന്നു നിൻ സ്വപ്നജന്മം
കൊതിയോടെയുള്ളിന്റെ തന്ത്രികളിൽ
ശ്രുതിമീട്ടി വാണു നീയെറെനാൾകൾ

ണ്ണേ മടങ്ങാതെ നിൽക്കുകല്പം
മണ്ണിലെ പൂവിന്റെ കഥ കേട്ടിടാം
മണ്ണിലെ പ്രേമത്തിൻ ഗതി കേട്ടിടാം
നാല്
എത്ര കൊതിച്ചു ലഭിച്ച ജന്മം
ഇത്ര വേഗത്തിൽ മാഞ്ഞുവെന്നോ?
കൊതിയോടെ കാത്തൊരു ജീവിതത്തേനിൽ
ചതിനഞ്ചു ചേർത്തുവോ പ്രിയകാമുകൻ

പൂന്തേൻ നുരയുന്ന പൂവിലെല്ലാം
പൂവണ്ടു പാറിത്തുടിച്ചിടുമ്പോൾ
പ്രാണന്റെ വീണയിൽ തന്തുപൊട്ടി
പൂവിന്റെ നെഞ്ചിൽ വിയർപ്പടർന്നു

ആധിയിൽ പൂവിൻ മനമുടഞ്ഞു
ആഭൂതിയെല്ലാം തകർന്നടിഞ്ഞു
ആ മുഖമെത്രമേൽ വാട്ടമാർന്നു
ജീവന്റെ നറുംതിരി കരിന്തിരിയായ്

ണ്ണേ മടങ്ങാതെ നിൽക്കുകല്പം
മണ്ണിലടർന്നൊരാ പൂവു കാണൂ
മണ്ണിലമർന്നൊരാ പൂവു കാണൂ

അഞ്ച്
ഒരു വിസ്മയത്തിൻ വീർപ്പടങ്ങി
കരിയില പോലെയാ പൂവടർന്നു
നിന്നെത്താങ്ങാനധീരയാ‍യി
മണ്ണിന്റെ കൈകൾ വിറച്ചിടുന്നു

ഉൽക്കണ്ഠ പൂണ്ടു പുൽത്തലകൾ
വെൺപട്ടു ചാർത്തീ ചെറുപ്രാണികൾ
കണ്ണീർക്കണങ്ങളായ് വിൺ താരകൾ
മഞ്ഞിന്റെ മാല്യം നിനക്കു ചാർത്തി
തൻ തെറ്റിൽ നൊന്തല്ലോ വണ്ടു വന്ന്
കല്ലിലടിച്ചു കരഞ്ഞിടുന്നു
നിൻ വഴി പോരാൻ മൃത്ര്യുവിൻ കൈയിൽ
തൻ ജീവനർപ്പിച്ചോ കേണിടുന്നു

ണ്ണേ മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോൾ
എണ്ണീടുമാർക്കുമിതു താൻ ഗതി,
സാധ്യമെന്തു കണ്ണീരിനാൽ !
അവനിവാഴ്വു കിനാവു കഷ്ടം!

ഭരതവാക്യം
കരുതുവതിഹ ചെയ്യവയ്യ – ചെയ്യാൻ
വരുതി ലഭിച്ചതിൽ നിന്നിടാ വിചാരം
പരഹിതമറിഞ്ഞു കൂട – ആയു –
സ്ഥിരതയുമില്ലതി നിന്ദ്യമീ നരത്വം




2 comments: