Thursday, December 17, 2009

ആദ്യാക്ഷരം


ഞാനുണ്ടാകുന്നു
നീയുണ്ടാകുന്നു
ഞാനും നീയും
ചേരുമെന്നാദ്യമായ്
മേളത്തില്‍ച്ചൊല്ലും
മനസ്സുമുണ്ടാകുന്നു

ഈ മനം പണ്ടമ്മ
നെഞ്ചത്തു സൂക്ഷിച്ചു
ഈണം മൂളുമ്പോള്‍
സ്വാദു വന്നിറ്റുമ്പോള്‍
സ്നേഹത്തിന്‍ താഴു
തുറന്നിരുന്നു

പിന്നെയച്ഛന്‍ വിരല്‍ത്തുമ്പു നീട്ടി
സ്നേഹമണല്‍ തീര്‍ക്കും പാത കാട്ടി
ചുറ്റിച്ചുറ്റിക്കറങ്ങുന്ന ലോകത്തിന്‍
മുറ്റങ്ങള്‍ തോറും കൈത്തണ്ടിലേറ്റി

മുറ്റത്തു പൂക്കും കുരുന്നുകള്‍‌ക്കുള്ളിലും
ഇറ്റിറ്റു സ്നേഹമടര്‍ന്നു വീണു
ചുറ്റിപ്പറക്കുന്ന തുമ്പിയും പ്രാക്കളും
പറ്റിപിടിച്ചെന്റെ നെഞ്ചിലൊട്ടി


നെഞ്ചിലൊട്ടിത്തന്നെ നീയും വന്നു
ചിഞ്ചിലം ചിഞ്ചിലം മനം കിലുങ്ങി
കൈവിരല്‍ കൊണ്ടു വിരല്‍ പിടിച്ചു
കൈത്തോടു ചൂണ്ടിത്തരിച്ചു നിന്നു

തൈമാവിന്‍ ചോട്ടില്‍ നീയമ്മയായി
കായ്കറി മാമ്പൂക്കള്‍ കാലമാക്കി
കൈവെള്ളയില്‍ കറി സ്വാദു നോക്കി
തൈമാവിലകളില്‍ സദ്യയുണ്ടു

ഉച്ചയ്ക്കച്ഛന്‍ മയങ്ങുമ്പോള്‍ മച്ചില്‍
ഒച്ചയില്ലാതെ നീയരികെ വന്നു
ഉച്ചക്കൊടുംവേനല്‍ നിന്‍ ചിരിയില്‍
പിച്ചകപ്പൂനിലാവായ് പൊഴിഞ്ഞു

മച്ചിന്നകം കൊച്ചു ഗേഹഖണ്ഡം
അച്ഛനുമമ്മയും ചേരുമകം
മച്ചിന്‍ തട്ടതിന്നാകാശം
തട്ടഴി താരപ്പെരും‌ ഫലകം
ചക്രവാളച്ചുമര്‍ ചാരി പുതിയൊരു
ചങ്ങാത്തമുരുവായിടുന്നു

നീയുണ്ടാകുന്നു
ഞാനുണ്ടാകുന്നു
ഞാനും നീയും നമ്മളെന്നാദ്യമായ്
മേളത്തില്‍ച്ചേരും മനസ്സുമുണ്ടാകുന്നു

No comments:

Post a Comment