Friday, December 11, 2009

ഒരു ഗള്‍ഫ് ബാച്ചിലര്‍ കനവ്

              -1-
ഇരുപതാകുന്നു വര്‍ഷം‌
ഇന്ധനം തീരാറാവുന്നു
എരിവെയിലിലൊരു തിരി പുകയുന്നു
നിയോണ്‍ ചെരാതില്‍ ചിരി തെളിയുന്നു.

ചോര വാര്‍‌ന്നു വിളറുന്നു സൂര്യന്‍
ശോകമാര്‍‌ന്നു പുലരുന്നു രാത്രി
കൂടു തേടി കുഴങ്ങുന്ന കാറ്റിന്
കൂട്ടുമേഘച്ചെരിവില്‍ വിശ്രാന്തി

വിതുമ്പും തണുപ്പിന്‍ ഗുഹാകവാടം
ചിലമ്പും പ്രിയമലയാളമാളം
കലമ്പും കലപില താളമേളം
തരിമ്പും കയ്പറിഞ്ഞിടാത്താവളം

കണ്ണീരുപ്പിന്റെ പിഞ്ഞാണം മോറി
കള്ളിപ്പുതപ്പില്‍ കാല്‍‌വിറ മൂടി
കണ്ണുതുറക്കും വരെ പായാരം പാടി
കല്ലിച്ചിടും പിന്നെ ടൈം‌പീസ് നോക്കി

ഉള്ളുറങ്ങീടുവാന്‍ ചന്ദനം പിന്നെങ്ങും
ഉള്ളം‌കൈതൊട്ടു നീ തന്നെ പുരട്ടണം
അള്ളിപ്പിടിക്കുന്നു രണ്ടുണ്ടക്കണ്ണുകള്‍
കിള്ളിച്ചുരുളുന്നു പതിനേഴു നാളുകള്‍

എന്തിനെന്‍‌ സുഖസുഷുപ്തിയില്‍ കല്ലിടാന്‍
ഗന്തുകാമനായെത്തുന്നു നീ മണിയൊച്ചേ
ചീറ്റല്‍ നിര്‍ത്തുക ചാടിയെണീറ്റിടാം
നീറ്റുന്ന പുലരിയിളൂളിയിട്ടീടാം

                 -2-
ഉരുക്കുന്ന വേനലിന്‍ കുരുക്കിലും
തുരുമ്പെടുപ്പിക്കും തണുപ്പിന്‍ ചൊരുക്കിലും
ആവിയായ് മൃതരൂപമായ് ചരിക്കവേ
ആഴ്ച്ക്കൊടുവിലെത്തുന്നു വ്യാഴം

ജീവനുണ്ടെന്‍ നാഡിക്കെന്നു വിളിച്ചുകൂവാന്‍
സോഡകള്‍ ഗാര്‍ബേജിലാഞ്ഞെറിയുന്നു
കൊറിക്കുന്ന കപ്പലണ്ടിത്തൊണ്ടിന്റെ പൂക്കളം
കിറുക്കന്‍ തരിശിലുടുപ്പിപ്പൂ വാസന്തം

പൊരിയുന്ന ചിക്കന്റെ മൊരിനാറും കൈകള്‍
ഉരസുന്നു മേശമേല്‍ തബലത്തരിപ്പായ്
പാടുന്നു യേശുദാസ്; മുഴങ്ങുന്നു റാഫി
കിഷോറിന്‍ ‘ഹമേതും‌സെ’ കുഴയുന്നു വായ്‌നീരില്‍

ചുരുളുന്നു വ്യാഴത്തിന്‍ നാഭിയില്‍ ജന്മ-
ച്ചുരുളായാദി ഗൃഹോഷ്മാവില്‍‌
വെള്ളിയുടെ വെട്ടിത്തിളങ്ങുന്നൊരുച്ചയില്‍
വിണ്ടുകീറിപ്പുതുജന്മമോരാന്‍

അലക്കുയന്ത്രത്തിനോവര്‍ടൈം
അരവുയന്ത്രത്തില്‍‌പ്പുതുമസാലഗന്ധം
അടുക്കള മത്സ്യസുഗന്ധപൂര്‍ണ്ണം
അന്യനാട്ടില്‍ ദൈവത്തിനു ലഞ്ചുപൂജ

പഴകിയ പത്രങ്ങള്‍ പുല്‍പായയാകുന്നു
പ്ലാസ്റ്റിക്കു പ്ലെയ്റ്റുകളിലയിട്ടിടുന്നു
കൈകള്‍ വിളമ്പുവാന്‍; വാരിയുണ്ണുവാന്‍
സൈഡില്‍ ഹെയ്നിക്കന്‍ ചുക്കുവെള്ളം

നാട്ടുവിശേഷപ്പായസം മോന്തി
വീട്ടുപായാരപ്പിക്കിള്‍‍ കൂട്ടി
കൂട്ടുകാരൊത്തുണ്ണുമീ നട്ടുച്ചകള്‍
തേട്ടുകയാല്‍ ഞങ്ങള്‍ വാഴ്വു നിത്യം

ഇരുപതാകുന്നു വര്‍ഷം
ഇന്ധനം തീരാറാവുന്നു ....

2 comments:

  1. നന്നായിരിയ്ക്കുന്നു

    ReplyDelete
  2. നന്നായിട്ടുണ്ട്…ഞാനും ഒരു പോസ്റ്റ് എന്റെ ബ്ലോഗിൽ അവസാനമായി ഇട്ടിട്ടുണ്ട്…ഒന്നു വായിച്ചു നോക്കൂ….

    ReplyDelete