Sunday, November 29, 2009

ഓണച്ചിന്ത്

ഓര്‍മ്മയിലെ നേര്‍മ്മകള്‍
ഓമനച്ചിന്തുകള്‍
ഒരു നിലാച്ചീന്തായ്
ഒളി ചിന്നിടുന്നു


ഒരു മഹാകാലം
മറവിയിലുയിരായ്
മധുര നൂല്‍‌വള്ളിയായ്
മനസ്സില്‍ പടരുന്നു


തളിരതിലായുന്നു
തണലും തളിര്‍ക്കുന്നു
തനിയേ ചായുവാ‍ന്‍
തടി തെഴുക്കുന്നു


വേടുകളിറങ്ങുന്നു
ഊടുവഴികളായ് വേരുകള്‍
തോടുകള്‍, പാടങ്ങള്‍, നീര്‍ത്തടങ്ങള്‍
തേടുന്നു നാടിന്റെ നേര്‍ത്തടങ്ങള്‍


നേരുകള്‍ വാഴുന്ന നാട്
നെറിവിന്‍ പെരും ചേരനാട്
നീറുമൊരു നെഞ്ചിനു നെറികേടെരിക്കുവാന്‍
പൊരുമൊരു ചിലമ്പെന്നു പുകഴുന്ന നാട്


ഒരു പാണത്തുടിയുടെ
ഈണത്തിലലിയാന്‍
പെരും കോട്ടകള്‍ പോലും
പാറാവു നില്‍‌ക്കുന്ന നാട്


വയലിന്റെ പേറ്റൂനോ-
വുലയ്ക്കുന്ന കര്‍ക്കടകം
ചിങ്ങക്കിടാവിനു നീരാടാന്‍
നീര്‍ കോരിവയ്ക്കുന്ന നാട്


ചിങ്ങം ചിരിക്കെ
തിളങ്ങുന്നൊരുള്ളിന്‍
ഭംഗികള്‍ പൂക്കളായ്
അങ്കണം ചൂടുന്ന നാട്


അംഗലാവണ്യം
ചെങ്ങഴീര്‍പ്പൂ‍ക്കളായ്
തിങ്കള്‍ക്കല ചൂടി
കുങ്കുമം വിതറുന്ന നാട്


സംഗീതമായ് സഹ
ശബ്ദങ്ങള്‍ തഴുകും
സുന്ദരോദാര
മധുമധുര മാവേലിനാട്


സ്മൃതി സ്വര്‍ണ്ണമാകുന്നു
ശ്രുതി ഗന്ധര്‍വ്വ ധ്യാനം
മതി മാകന്ദലോലം
മധുരം നിമിഷങ്ങള്‍ പോലും


ഇതു ലഹരി! മദോന്മത്തം
വസുധയുടെ വാസന്തശിഖരം
അതിലൊരു തുമ്പക്കുരുന്നായ്
അലിയട്ടെയെന്‍ നാട്ടുഗന്ധമായ്

2 comments:

  1. murali mashey.
    kavitha kandu.
    nalukalkushesham kanunnu.
    santhosham.
    sneham.
    asmo.

    ReplyDelete
  2. വയലിന്റെ പേറ്റൂനോ-
    വുലയ്ക്കുന്ന കര്‍ക്കടകം
    ചിങ്ങക്കിടാവിനു നീരാടാന്‍
    നീര്‍ കോരിവയ്ക്കുന്ന നാട്

    --എന്റെ നാടും ഇത് പോലെയാ

    ReplyDelete